ന്യൂഡൽഹി: സിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ സംഭവവികാസങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ എതിർത്ത് കേന്ദ്ര സർക്കാർ. സമിതിയിലെ ചില അംഗങ്ങൾ നിഷ്പക്ഷരല്ലെന്ന ഹർജിക്കാരുടെ വാദത്തിനിടെയാണ് കേന്ദ്രം എതിർപ്പ് അറിയിച്ചത്.
അന്വേഷണ സമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാരിൽ ചിലർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അറിയിച്ചു. എല്ലാത്തിനോടും ചിലർക്ക് അവിശ്വാസമാണ് എന്നായിരുന്നു കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രതികരണം. ഹർജിക്കാരുടെ ആവശ്യം പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർലമെന്റ് മാർച്ചിനിടെ നടന്ന പോലീസ് ബലപ്രയോഗം, വനിതകൾക്കെതിരെ ലൈംഗിക അതിക്രമം നടന്നെന്ന പരാതി, പോലീസിനെതിരായ അക്രമം തുടങ്ങിയ സംഭവങ്ങളാണ് അഞ്ചംഗ സമിതി പരിശോധിക്കുന്നത്. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ആർ. സുഭാഷ് റെഡ്ഡി അധ്യക്ഷനായ സമിതിക്ക് ചീഫ് ജസ്റ്റീസ് സൂര്യകാന്താണ് രൂപം നൽകിയത്. സമിതിയിലെ ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ നിഷ്പക്ഷരല്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ അടുത്ത മാസം അഞ്ചിന് സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിന് ഡൽഹി പോലീസ് അനുമതി നൽകാനുള്ള സാധ്യത കുറവാണെന്ന് റിപ്പോർട്ടുകളുണ്ട്. ബ്രിക്സ് ഉച്ചകോടി ഉൾപ്പെടെ പ്രധാന പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കണമെന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.